District News
തുറവൂർ: തുറവൂർ, കുത്തിയതോട് മേഖലകളിൽ തെരുവുനായ കടിച്ചവരുടെ എണ്ണം 13 ആയി. കഴിഞ്ഞ ദിവസം കുത്തിയതോട് പഞ്ചായത്ത് 6, 9 വാർഡുകളിലുള്ള 9 പേർക്കു കടിയേറ്റിരുന്നു. ഇതു കൂടാതെയാണ് തുറവൂരിൽ വിവിധയിടങ്ങളിലായി 4 പേർക്കു കൂടി കടിയേറ്റത്. തുറവൂർ ഗവ. ആശുപത്രിയിൽ പ്രാഥമിക ശുശ്രൂഷകൾക്കു ശേഷം കടിയേറ്റവർ എറണാകുളം ജനറൽ ആശുപത്രിയിലാണ് ചികിത്സ തേടിയത്.
6-ാം വാർഡിൽ കടിച്ച നായയെ നാട്ടുകാർ പിടികൂടി. പേ വിഷബാധ ഉണ്ടോയെന്ന സംശയത്താൽ നായയെ നിരീക്ഷണത്തിലാണ്. എന്നാൽ, 9-ാം വാർഡിൽ കടിച്ച തെരുവുനായയെ കണ്ടെത്താൻ ഇന്നലെ പരിശീലനം ലഭിച്ച നായപിടുത്തക്കാർ ഇരുവാർഡുകളിലും നിരീക്ഷണം നടത്തിയെങ്കിലും ആക്രമണകാരിയായ നായയെ കണ്ടെത്താനായില്ല. വൈകിട്ടോടെ സംഘം മടങ്ങി.
District News
എരുമപ്പെട്ടി: കടങ്ങോട് പഞ്ചായത്തിൽ തെരുവ് നായ്ക്കളുടെ ആക്രമണം രൂക്ഷമായിട്ടും പഞ്ചായത്ത് ഭരണസമിതി നടപടി സ്വീകരിക്കാത്തതിൽ കോൺഗ്രസിന്റെ പ്രതിഷേധം.
പഞ്ചായത്ത് ഓഫീസിലേക്ക് തള്ളികയറാൻ ശ്രമിച്ച നേതാക്കളേയും പ്രവർത്തകരേയും പോലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തു.
കടങ്ങോട് പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ ചൊവ്വാഴ്ചയും തെരുവുനായയുടെ ആക്രമണത്തിൽ അഞ്ചു പേർക്ക് പരിക്കേറ്റിരുന്നു. കടങ്ങോട് മനപ്പടി, തെക്കുമുറി, മില്ല് പ്രദേശങ്ങളിലുള്ളവർക്കാണ് കടിയേറ്റത്. രണ്ടുമാസം മുമ്പ് കടങ്ങോട് പഞ്ചായത്തിലെ വെള്ളറക്കാട് കൊല്ലൻപടിയിൽ കിടപ്പുരോഗിയായ വയോധികയെ പേ വിഷബാധയുള്ള നായ വീടിന്റെ അകത്തുകയറി കടിച്ച് കൊലപ്പെടുത്തിയിരുന്നു. ഇവരുടെ കിടപ്പ് രോഗിയായ മകനും ഗുരുതരമായി കടിയേറ്റു.
തെരുവുനായ ശല്യം നിയന്ത്രിക്കാൻ ഷട്ടർ ഒരുക്കും എന്നും നായകളെ വന്ധ്യംകരിക്കുന്ന നടപടി കൈക്കൊള്ളണമെന്നും പഞ്ചായത്ത് പ്രസിഡന്റും ഭരണസമിതി അംഗങ്ങളും മൃഗസംരക്ഷണ വകുപ്പും ഉറപ്പു നൽകിയിരുന്നു. എന്നാൽ ഇതുവരെയും ഇതിനാവശ്യമായ യാതൊരു നടപടിയും കൈകൊണ്ടിട്ടില്ല എന്ന് ആരോപിച്ചാണ് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കോൺഗ്രസ് പഞ്ചായത്ത് മെമ്പർമാർ ഉൾപ്പടെ പഞ്ചായത്ത് ഓഫീസിനു മുന്നിൽ പ്രതിഷേധിച്ചത്.
മണ്ഡലം പ്രസിഡന്റ്് ഷറഫു പന്നിത്തടത്തിന്റെ അധ്യക്ഷതയിൽ നടന്ന പ്രതിഷേധ സമരം ബ്ലോക്ക് വൈസ് പ്രസിഡന്റ് സലാം വലിയകത്ത് ഉദ്ഘാടനം ചെയ്തു. തുടർന്ന് നേതാക്കളും പ്രവർത്തകരും പഞ്ചായത്ത് ഓഫീസിലേക്ക് തള്ളി കയറാൻ ശ്രമിച്ചത് പൊലിസ് തടഞ്ഞതോടെ സംഘർഷാവസ്ഥയുണ്ടായി. പോലീസും പ്രവർത്തകനും തമ്മിൽ ഉന്തും തള്ളും നടന്നു.
ഷറഫു പന്നിത്തടം, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് രഞ്ജു താരു, മണ്ഡലം സെക്രട്ടറിമാരായ ഇബ്രാഹിം, സുനിത്ത് മണ്ടംപറമ്പ് എന്നിവരെ പോലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തു.ബ്ലോക്ക് സെക്രട്ടറി എം.എച്ച്. നൗഷാദ്, പ്രതിപക്ഷ നേതാവ് വിഷയകുമാർ, പി.യു. പ്രകാശൻ, വി.വൈ. മുഹമ്മദാലി, ഇബ്രാഹിം എന്നിവർ സംസാരിച്ചു.യുഡിഎഫ് മെമ്പർമാരായ സൈബുന്നിസ ഷറഫു, കുമാരി മുരളി, ആമിന സുലൈമാൻ, ബാഹ്യാദ്രി, അശോകൻ, തോമാസ് എന്നിവർ പങ്കെടുത്തു.
നടപടികൾ സ്വീകരിച്ച് വരികയാണെന്ന് പ്രസിഡന്റ്
എരുമപ്പെട്ടി: കടങ്ങോട് പഞ്ചായത്തിൽ തെരുവുനായ ശല്യം ഒഴിവാക്കുന്നതിന് ഷെൽട്ടർ ഉൾപ്പടെയുള്ള പദ്ധതികൾക്കായി നടപടികൾ സ്വീകരിച്ച് വരുകയാണെന്നും ഈ വിഷയത്തിൽ കോൺഗ്രസ് നടത്തിയ സമരം അപഹാസ്യമാണെന്നും പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.എം. നൗഷാദ് പറഞ്ഞു.
തെരുവുനായ്ക്കളെ പിടികൂടി വന്ധ്യംകരണം നടത്തി ഷെൽട്ടറിൽ ആക്കുന്നതിനായി ഈ ഭരണസമിതി 20 ലക്ഷം രൂപയുടെ പദ്ധതി വെച്ചിട്ടുണ്ട്. ഷെൽട്ടർ നിർമിക്കുന്നതിന് വനത്തിനോട് ചേർന്ന് വിജനമായ പഞ്ചായത്ത് പുറമ്പോക്ക് ഭൂമിയിൽ സ്ഥലം കണ്ടെത്തിയിട്ടുണ്ട്. കെട്ടിടം നിർമിച്ച് രണ്ട് കെയർ ടേക്കർമാരെ നിയമിക്കും. പല ഡിപ്പാർട്ടുമെന്റുകളുടെ സഹായവും ഇക്കാര്യത്തിന് ആവശ്യമുണ്ട്. എന്നാൽ കേരളത്തിൽ ഇപ്പോൾ പുതിയ മന്ത്രിസഭ നിലവിൽ വരാത്തതിനാൽ ഒരു വകുപ്പിലും ഒരു കാര്യവും നടക്കുന്നില്ല.
ഭരണസ്തംഭനം മൂലം പദ്ധതികൾ നടപ്പിലാക്കാൻ കഴിയാത്ത അവസ്ഥയാണ്. ഇതെല്ലാം മറച്ചു വെച്ച് കോൺഗ്രസ് രാഷ്ട്രീയപ്രേരിതമായ സമരമാണ് നടത്തുന്നത്. ജനങ്ങൾ ഇത് തിരിച്ചറിയുന്നുണ്ടെന്നും പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.
District News
നാദാപുരം: നാദാപുരത്ത് തെരുവ് നായയുടെ ആക്രമണം. മൂന്നര വയസുകാരി ഉള്‍പെടെ മൂന്നു പേര്‍ക്ക് കടിയേറ്റു. ബസ് സ്റ്റാന്റിന് പിന്‍വശത്തെ റോഡില്‍ വച്ചാണ് തെരുവുനായ ആക്രമിച്ചത്. രാത്രി ഏഴുമണിയോടെയായിരുന്നു സംഭവം.
യുപി സ്വദേശിനിയായ മൂന്നര വയസുകാരി ജാനം, തൂണേരി വെളളൂര്‍ താഴെതടത്തില് താഴകുനി മിഥുന് ലാല്‍ (34),നാദാപുരം സ്വദേശിനി പുത്തന്‍പുരയില്‍ താഴകുനി കമല (55) പരിക്കേറ്റത്. മൂന്നര വയസുകാരി ക്വാട്ടേഴ്സിന്റെ മുറ്റത്ത് കളിച്ചു കൊണ്ടിരിക്കെയാണ് തെരുവുനായ അക്രമിച്ചത്.
വലത് കണ്ണിന് സമീപത്താണ് നായ കടിച്ചത്. മിഥുന് ലാല്‍ മകനെയും കൊണ്ട് ടൗണിലേക്ക് ബൈക്കില്‍ സഞ്ചരിക്കുന്നതിനിടെയാണ് നായ അക്രമിച്ചത്. വലത് കാലിനാണ് പരിക്ക്. വീട്ടുമുറ്റത്ത് ജോലി ചെയ്യുന്നതിനിടെയാണ് കമലക്ക് നായയുടെ കടിയേറ്റത്. കമല നാദാപുരം ഗവണ്മെന്റ് താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. നാദാപുരം ഗവ ആശുപത്രിയില്‍ പ്രാഥമിക ചികിത്സക്ക് ശേഷം മിഥുന് ലാലിനെ വടകര ആശുപത്രിയിലേക്കും ഗുരുതരമായി പരിക്കേറ്റ മൂന്നര വയസുകാരിയെ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്കും മാറ്റി.
District News
വിഴിഞ്ഞം: വിഴിഞ്ഞം മുല്ലൂർ തുറമുഖ കവാടത്തിനു സമീപത്തുവച്ചു രണ്ടുപേരെ തെരുവുനായകൾ കടിച്ചു. പത്തനംതിട്ട സ്വദേശി അരവിന്ദ് (34), വിഴിഞ്ഞം മുല്ലൂർ സുരേഷ് (53) എന്നിവരെയാണ് തെരുവു നായകൾ ആക്രമിച്ചു പരിക്കേൽപ്പിച്ചത്.
അരവിന്ദിന്റെ ഇടതുകാലിന്റെ മുട്ടിനു മുകളിലും സുരേഷിന്റെ വലതുകാലിലെ മുട്ടിലുമാണ് തെരുവുനായയുടെ കടിയേറ്റത്. ഇന്നലെ ഉച്ചയ്ക്ക്ശേഷമായിരുന്നു സംഭവം. ഇരുവരെയും വിഴിഞ്ഞം ആശുപത്രിയിലെത്തിച്ചു ചികിത്സ നൽകിയശേഷം ജനറൽ ആശുപത്രിയിലേക്ക് മാറ്റി. മുല്ലൂർ മേഖലയിൽ തെരുവുനായകളുടെ ശല്യം വർധിക്കുന്നതായി നാട്ടുകാർ നേരത്തെ പരാതിപ്പെട്ടിരുന്നു.
സമീപത്തെ വീടുകളിലെ കോഴികൾ, വളർത്തുമൃഗങ്ങൾ എന്നിവയെ ആക്രമിക്കുന്നതും പതിവാണെന്നു നാട്ടുകാർ പറയുന്നു. അലഞ്ഞുതിരിഞ്ഞു നടക്കുന്ന ആക്രമണകാരികളായ തെരുവ്ു നായകളെ ഇവിടെനിന്നു മാറ്റണമെന്നു നാട്ടുകാർ ആവശ്യപ്പെട്ടു.
District News
ഫോർട്ടുകൊച്ചി: മട്ടാഞ്ചേരിയില്‍ പ്ളസ് വണ്‍ വിദ്യാര്‍ഥിനിക്കു നേരേ തെരുവുനായ അക്രമണം.
അക്രമണത്തില്‍ പരിക്കേറ്റ വിദ്യാര്‍ഥിനിയെ ഫോര്‍ട്ട്കൊച്ചി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ മട്ടാഞ്ചേരി ജൈന ക്ഷേത്രത്തിന് സമീപത്തുവച്ചാണ് നായ്ക്കള്‍ അക്രമിച്ചത്. പുല്ലേപ്പടി ഹയർസെക്കൻഡറി സ്കൂളില്‍ പഠിക്കുന്ന വിദ്യാർഥിനി രാവിലെ സ്കൂളിൽ പോകാൻ വീട്ടിൽ നിന്നിറങ്ങി ബസ് കയറുവാൻ നടക്കുന്നതിടയിലാണ് മൂന്ന് പട്ടികള്‍ കൂട്ടാമായി വിദ്യാര്‍ഥിനിയുടെ നേരേ പാഞ്ഞടുത്തത്.
ഇതില്‍ ഒരു പട്ടി കുട്ടിയുടെ തുടയിൽ കടിക്കുകയായിരുന്നു. ഭയന്ന് പേടിച്ച കുട്ടി കാല് കുടഞ്ഞതോടെ പട്ടി കടി വിടുകയും ഓടി രക്ഷപ്പെടുകയായിരുന്നു. അല്ലായിരുന്നുവെങ്കില്‍ നായകളുടെ കൂട്ട ആക്രമണത്തിന് ഇരയാകേണ്ടി വരുമായിരുന്നു.
ഈ ഭാഗങ്ങളിൽ തെരുവുനായകളുടെ ശല്യം രൂക്ഷമായാരിക്കുകയാണ്. ഇവിടെ സ്ഥിരമായി പാർക്ക് ചെയ്യുന്ന വണ്ടികളുടെ അടിയിലായിട്ടാണ് ഇവരുടെ താവളമെന്നും ഇവിടെയുള്ളവർ സ്ഥിരമായി ഭക്ഷണം നല്കുന്നതുകൊണ്ടാണ് ശല്യം കൂടുന്നതെന്നും നാട്ടുകാർ പറഞ്ഞു.
ഫോര്‍ട്ട്കൊച്ചി ടൂറിസം മേഖലയിലും തെരുവ് നായ്ക്കളുടെ ശല്യം രൂക്ഷമാണ്. ആശുപത്രിയിൽ പോലും നായ്ക്കളുടെ ശല്യം മൂലം പോകാന്‍ കഴിയാത്ത അവസ്ഥയാണ്. യുദ്ധകാലടിസ്ഥാനത്തിൽ തെരുവുനായകളെ നീക്കം ചെയ്യാനുള്ള നടപടികൾ എടുക്കണമെന്ന് ആം ആദ്മി പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ഷക്കീര്‍ അലി ആവശ്യപ്പെട്ടു.